Wednesday, December 22, 2010

ജലവും ജീവനും


ഇന്നലെ...
ടൈംസ് ഓഫ് ഇന്ത്യയില്‍വര്‍ക്ക് ചെയ്യുന്ന എന്റെ ഫ്രണ്ട് പ്രിയ വിളിച്ചറിയിച്ചു സതീഷ് നിന്റെ പബ്ളിക്കേഷന്റെ പേര് എനിയ്ക്കിഷ്ടമായി...
ഹൃദയത്തില്‍ ഒരു സംഗീതത്തിന്റെ നേര്‍ത്ത അലകള്‍
ഹൃദ്യം...
ഇവിടെ - കോഴിക്കോട്ടെ ഋഉഡങഅഞഠല്‍
പബ്ളിക്കേഷന്‍ മാനേജരായി ജോലിയ്ക്ക് ചേര്‍ന്നപ്പോള്‍
പുതിയ പബ്ളിക്കേഷന്റെ പേര്
വലിയ ഒരു ചോദ്യമായി ഞങ്ങളെ കുഴക്കി
പലരും പല പേരുകളും പറഞ്ഞു
ഒട്ടേറെ പേരുകള്‍ മനസ്സിലൂടെ കടന്നുപോയി...
പേരിനായി ഉഴറിയ രാത്രികള്‍...
പകലുകള്‍...
എപ്പോഴോ മനസ്സിലൂടെ
ആ സംഗീതം കടന്നുപോയി
ആര്‍ദ്രതയുടെ സംഗീതം
സ്നേഹത്തിന്റെയും
സമാധാനത്തിന്റെയും
സംഗീതം...
ഒരു ശില്പി മണ്ണ് കുഴയ്ക്കുന്നത്പോലെ
ചിത്രകാരന്‍ നിറങ്ങള്‍ ചാലിച്ചെടുക്കുന്നത്പോലെ...
എഴുത്തുകാരന്‍ ആയിരങ്ങള്‍
എഴുതിക്കൂട്ടുന്നത്പോലെ...


അയാളുടെ നേര്‍ത്തവിരലുകള്‍
പിയാനോവിലൂടെ ഒരു ശലഭത്തെപ്പോലെ
തെന്നിനീങ്ങുകയാണ്... ഒഴുകുകയാണ്...
ഉറക്കത്തില്‍ നിന്ന്
ഞെട്ടിയുണര്‍ന്നപ്പോള്‍
കാതുകളില്‍ ആ സംഗീതം നിറഞ്ഞുനിന്ന
ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന
പിയാനോവിന്റെ നേര്‍ത്തസംഗീതം
മനസ്സിന്റെ തിരശ്ശീലയിലേയ്ക്ക്
പതിയെ ‘ദ പിയാനിസ്റ് ’
എന്ന വിഖ്യാത ചലച്ചിത്രം തെളിഞ്ഞെത്തി
ജര്‍മ്മന്‍ തെരുവുകളില്‍
വെടിയൊച്ചകള്‍വീഴുമ്പോള്‍
ബോംബിങ്ങില്‍
കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുമ്പോള്‍
ആയിരങ്ങള്‍ ചോരപ്പൂക്കളായി
ചിതറുമ്പോള്‍
ഒരു മനുഷ്യന്‍, ‘പിയാനിസ്റ് ’
അയാള്‍....
ആര്‍ദ്രതയുടെ ആകാശങ്ങളൊക്കെയും ഇടിഞ്ഞുവീഴുമ്പോള്‍
തകര്‍ന്ന ആ കെട്ടിടത്തിനുളളില്‍ നിന്ന്
മനസ്സും ശരീരവും വിങ്ങിപ്പിടഞ്ഞ്
പിയാനോവായിക്കുകയാണ്
ഫാസിസത്തിന്റെ ആ ഇരുണ്ട
വാഴ്ച്ചക്കെതിരെയുളള അയാളുടെ
ഉളളിലെ എല്ലാ രോഷവും
ചെറുത്ത് നില്‍പ്പും ആര്‍ദ്രതയും
ആ സംഗീതത്തില്‍ ഇഴചേരുകയാണ്
അതൊരായുധമായി മാറുകയാണ്.
അയാളുടെ കറുത്തസങ്കടങ്ങളത്രയും
ഉരുകിയൊലിക്കുകയാണ്.
സ്വാതന്ത്യ്രത്തിനും, സമാധാനത്തിനുമായുളള
അയാളുടെ ഉളളിലമരുന്ന

വലിഞ്ഞുകീറുന്ന നിലവിളിയാണ്
ആ സംഗീതം.
പ്രിയാ
എപ്പോഴും ആ സംഗീതം
എന്നിലുണ്ടായിരുന്നു.
സമാധാനത്തിന്റെ സംഗീതം
സണ്‍ഡേ ക്ളാസ്സിന്റെ ഇടവേളകളില്‍
ഞാനാസംഗീതം കേട്ടിരുന്നു
ബോഗന്‍വില്ലയുടെ പച്ചയുടെയും
വെളളയുടെയും ഇടകലര്‍പ്പിലൂടെ
കണ്ണാടിജനലിനപ്പുറം
സിസ്റര്‍ സൂസന്ന പിയാനോ വായിക്കുന്നത്
ഞങ്ങള്‍ കുട്ടികള്‍ കൌതുകത്തോടെ നോക്കിനില്‍ക്കുമായിരുന്നു.
പേരിനുവേണ്ടി ഉഴറിയ ആ നാളുകളില്‍
തിരുവനന്തപുരത്ത് നിന്നും അക്ഷരങ്ങള്‍ എനിയ്ക്ക്തന്ന
പ്രിയസുഹൃത്ത്
ഷംസുദ്ദീന്‍ കുട്ടോത്ത് വിളിച്ചറിയിക്കുന്നു
“സതീശേട്ടാ നിങ്ങളുടെ മനസ്സില്‍തന്നെയുണ്ട് നല്ലൊരുപേര്...
ഞാന്‍ പറയാം പിയാനോ”
അത് കേട്ടതും മനസ്സിലേയ്ക്ക് പിയാനോവിന്റെ ്നേര്‍ത്തസ്വരം
ഒരു നനുത്ത കാറ്റുപോലെ അലയടിച്ചുവന്നു.
“പ്രിയാ... ”
അങ്ങനെയാണ്
ഞാന്‍ ആ ഒരു പേരിലേക്ക് വരുന്നത്
പിയാനോ എന്നിലാകെ പടരുകയാണിപ്പോള്‍
ഒട്ടേറെ പ്രസാധകര്‍...
വന്‍മരങ്ങള്‍,
എഴുത്തുകാര്‍ക്കൊക്കെ
ആ വന്‍മരങ്ങളുടെ ചില്ലകളില്‍ ചോക്കേറാനാണ് ഇഷ്ടം
ഞങ്ങള്‍ പ്രസാധനത്തിന്റെ
കൊച്ചുചെടിനടുകയാണ്...
പ്രിയപ്പെട്ടവരേ അതിന് ജീവനും, ജലവുമേകുക.